അമ്പലപ്പുഴ: വഴിയരികിൽ അവശനായ നിലയിൽ കണ്ടെത്തിയ ആദിവാസി കുട്ടി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്വാന്ത്വനത്തിന്റെ തടോലലിൽ രണ്ടാം ജന്മം. പാലക്കാട് കൊല്ലങ്കോട്, താമരപ്പാടം ചുള്ളിയാർമേട് അളകാപുരി കോളനിയിൽ മുരുകൻ-മഹേശ്വരി ദമ്പതികളുടെ രണ്ടു വയസുകാരനാണ് പുതുജീവിതത്തിലേക്ക് കരകയറിയത്. ചികിത്സാ ചെലവിന് ബുദ്ധിമുട്ടുന്ന ഇവരുടെ ദയനീയാവസ്ഥ ദീപിക കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. തൊട്ടടുത്തദിവസം ഇവരുടെ ചികിത്സ ചെലവിനായുള്ള അടിയന്തര നടപടികളുമുണ്ടായി.
2026 ജൂൺ 27-ന് രാവിലെ 11 നാണ് കായംകുളത്ത് വഴിയരികിൽ അമ്മയ്ക്കൊപ്പം അലഞ്ഞുതിരിഞ്ഞ് അവശനായ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ ഇടപെട്ട പോലീസ്, ഇരുവരെയും രക്ഷിച്ച് കുട്ടിയെ കായംകുളം ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുട്ടിയുടെ ഗുരുതരമായ ആരോഗ്യനില തിരിച്ചറിഞ്ഞതിനെ തുടർന്ന് മാവേലിക്കര ഗവ. ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനായ ഡോ. ശ്രീപ്രസാദ് ഇടപെട്ട് കുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളജിലെ പീഡിയാട്രിക് ഇന്റൻസീവ് കെയർ യൂണിറ്റിലേക്ക് മാറ്റുകയായിരുന്നു.
തുടർന്ന് ശിശുരോഗവിഭാഗം യൂണിറ്റ് ചീഫ് ഡോ. ജോസിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെയും ജീവനക്കാരുടെയും സംരക്ഷണയിലായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ കുട്ടിക്ക് 3.5 കിലോഗ്രാം മാത്രമായിരുന്നു ഭാരം. കുട്ടിയുടെ തൂക്കം ഒരു മാസം പിന്നിട്ടപ്പോഴേക്കും 4.6 കിലോഗ്രാമായി. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമായതോടെ കുടുംബം സ്വന്തം നാട്ടിലേക്കു മടങ്ങി.